ആലത്തൂർപടി ദർസ്
പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാർത്ഥികളുമായി മുന്നേറുന്ന കേരളത്തിലെ അപൂർവ്വം ദർസുകളിലൊന്നാണ് ആലത്തൂർപടി ദർസ്. മലപ്പുറം ജില്ലയിലെ പൊടിയാട് (ആലത്തൂർപടി) ദർസ് കൊണ്ട് ചരിത്രം രചിച്ച നാടാണ്. കേരളത്തിലെ തലയെടുപ്പുള്ള ഒട്ടേറെ പണ്ഡിതൻമാർ ഇവിടെ ദർസ് നടത്തിയവരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, സമസ്ത സ്ഥാപകനേതാവ് അരിപ്ര മൊയ്തീൻ ഹാജി, കിടങ്ങയം ഇബ്രാഹിം മുസ്ലിയാർ, കുട്ടി മുസ്ലിയാർ, കെ. സി ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പണ്ഡിതമഹത്തുക്കളാൽ ഖ്യാതി നേടിയതാണ് ആലത്തൂർപടിയും അവിടത്തെ ദർസും. മർഹൂം കെ സി ഉസ്താദിന് ശേഷം, ഇരുപത് വർഷമായി ദർസിന് നേതൃത്വം നൽകുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മികച്ച മുദരിസിനുള്ള മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബി തങ്ങൾ സ്മാരക അവാർഡ് ജേതാവുമായ ഉസ്താദ് ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ്.





